കാഞ്ഞങ്ങാട്: കുല വന്നുകഴിയുമ്പോഴേക്കും മഴ കനത്ത് കൃഷിയിടങ്ങളിൽ വെള്ളംകയറി വാഴയെല്ലാം നശിക്കുന്ന മുൻവർഷങ്ങളിലെ അനുഭവം മടിക്കൈയിലെ വാഴ കർഷകർക്ക് ഇത്തവണ ഉണ്ടായില്ല. കർക്കടക മാസമായിട്ടും മഴ പെയ്തത് പേരിനു മാത്രമായതിനാൽ കുലകളെല്ലാം മൂപ്പെത്തി വിളവെടുത്തു. മഴ കുറഞ്ഞത് മിക്കയിടങ്ങളിലും കർഷകർക്ക് തിരിച്ചടിയായപ്പോൾ ഇവർക്കുമാത്രം ആശ്വാസമായി.
സീസണിന്റെ തുടക്കത്തിൽ ഒന്നാംനമ്പർ കുലകൾക്ക് കിലോയ്ക്ക് 56 രൂപ വരെ ലഭിച്ചിരുന്നത് ഇപ്പോൾ 42 മുതൽ 45 രൂപ വരെയായി കുറഞ്ഞെങ്കിലും ഇത്തവണ പൊതുവേ നഷ്ടം വരില്ലെന്നാണ് കർഷകരുടെ കണക്കുകൂട്ടൽ.
രണ്ടാം നമ്പർ കുലകൾക്ക് 32 രൂപയും മൂന്നാം നമ്പറിന് 15 രൂപയുമാണ് ലഭിക്കുന്നത്. ഇത്തവണ മിക്കവാറും കുലകളെല്ലാം മൂപ്പെത്തിയതിനാൽ ഒന്നാം നമ്പർ കുലകൾ തന്നെയാണ് കൂടുതലുള്ളത്. മൂന്നാം നമ്പറെന്ന് വിളിക്കുന്ന മൂപ്പെത്താത്ത കറിക്കായ തീരെ കുറവാണ്. മുൻവർഷങ്ങളിൽ കൃഷിയിടങ്ങളിൽ വെള്ളം കയറുമ്പോൾ നല്ലൊരു ശതമാനം കുലകളും കറിക്കായയായി വെട്ടിവിൽക്കേണ്ടിവരുന്ന അവസ്ഥയായിരുന്നു.
ഒരു വാഴക്കന്ന് നട്ടുവളർത്തി കുല വെട്ടുന്ന പാകത്തിലെത്തിക്കാൻ ഇന്നത്തെ നിരക്കിൽ ശരാശരി 400 രൂപ ചെലവുവരുമെന്നാണ് കർഷകരുടെ കണക്ക്. ശരാശരി 10 കിലോയിലധികം തൂക്കമുള്ള കുല കിട്ടിയാൽ 500 രൂപയോ അതിൽ കൂടുതലോ തിരികെ കിട്ടും. സമീപകാലത്ത് തുടർച്ചയായി നഷ്ടക്കണക്കുകൾ മാത്രം വന്നിരുന്ന സാഹചര്യത്തിൽ ഇതുതന്നെ വലിയ ആശ്വാസമാണെന്ന് കർഷകർ പറയുന്നു.
വിഎഫ്പിസികെയിൽ സംഭരിക്കുന്ന വാഴക്കുലകൾ നേരത്തേ മുംബൈ വരെയുള്ള സ്ഥലങ്ങളിലേക്ക് കയറ്റി അയച്ചിരുന്നു. എന്നാൽ കർണാടകയിലും തമിഴ്നാട്ടിലും നിന്നുള്ള ഏജന്റുമാർ വിപണി പിടിച്ചതോടെ ഇപ്പോൾ ആവശ്യക്കാർ കുറഞ്ഞു. ഇതാണ് വില കുറയാനും ഇടയാക്കിയത്. എങ്കിലും ഓണക്കാലത്ത് സീസൺ അവസാനിക്കാറാകുമ്പോഴേക്കും വില കൂടാനിടയുണ്ടെന്നാണ് കർഷകരുടെ പ്രതീക്ഷ